19/04/2013

മാങ്കുര്‍ണ്ണി...


നാട്ടില്‍ മോശമല്ലാത്ത ഒരു എ സി, ഫ്രിഡ്ജ് മെക്കാനിക് കട നടത്തുമ്പോഴാണ് ഷിബുവിന് ആ ബുദ്ധി തോന്നിയത് നാട്ടീലെ ആള്‍ക്കാരെ തണുപ്പിക്കുന്നത് എന്തിനാ ഗള്‍ഫീല്‍ പോയി വല്ല അറബീനേം തണുപ്പിച്ചാല്‍ കുറച്ചു കാശാകിട്ടും....പൂവന്നെ.ഒറ്റമോനെ ഗള്‍ഫീലെക്ക് വിടാന്‍ ചന്ദ്രന്‍ ചേട്ടനും ,കമലചേച്ചിക്കും ചെറിയ വിഷമം ഉണ്ടായിരുന്നു.എന്നാലും ഷിബു അതൊക്കെ തരണം ചെയ്തു നാട്ടീലെ ചില ചുള്ളന്‍മാര് ഗള്‍ഫീന് വരുമ്പോള്‍ ഉള്ള ഗമ, അടിച്ചാല്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് മുഴുവന്‍ മണക്കുന്ന സ്പ്രേ, കയ്യിലെ ബ്രേസ്ലെറ്റ്‌,വന്നിറങ്ങുമ്പോള്‍ എവിടന്നാണെന്ന് അറിയില്ല ഉടനെ പ്രത്യക്ഷമാകുന്ന ഒരു കാര്‍അവര്‍ക്ക് കിട്ടുന്ന ആ ഒരു ഒരു ഒരു .......ഹോ
ഗള്‍ഫീ പോയിട്ട് തന്നെ കാര്യം.അങ്ങിനെ ചുള്ളന്‍ ഗള്‍ഫിലേക്ക് സ്കൂട്ടായി, കൊല്ലം ഒന്ന് കഴിഞ്ഞു ഇടക്ക് വീടിലേക്ക് വിളിക്കും വിശേഷം തിരക്കും ,വീടുകാര്‍ കല്യാണത്തിന് നിര്‍ബന്ധം പറയുന്നുണ്ടോ എന്ന് നോക്കും,ചന്ദ്രന്‍ ചേട്ടനും കമലുചേച്ചി ക്കും ചെക്കനെ കാണാഞ്ഞിട്ട് എന്തോ പോലെയാണ്.. ഒരു ദിവസം ഷിബു പറഞ്ഞു" അമ്മാ എന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ഗഡി ഈ ആഴ്ച നാട്ടീല്‍ക്ക് വരണുണ്ട് , അവന്‍റെ കയ്യില്‍ കുറച്ചു സാധനങ്ങള്‍ കൊടുത്തു വിടുന്നുണ്ട്.എനിക്ക് ആറു മാസം കഴിഞ്ഞേ ലീവ് കിട്ടോള്ളൂ..അടുത്ത ബുധനാഴ്ച ചുള്ളന്‍ നാട്ടിലെത്തും ,അവന്‍ വയനാട്ടീന്ന് വരുന്നതാണ്, നമ്മുടെ വീട്ടീല്‍ വന്നിട്ട് മോശമാക്കരുത് എന്നെ പോലെ തന്നെ അവനെ കണ്ടെക്കണം"....അങ്ങിനെ ഒരു നൂറ് ഉപദേശങ്ങള്‍ കമലചേച്ചിക്കും,ചന്ദ്രേട്ടനും കൈമാറി..
അങ്ങിനെ അടുത്ത ബുധനാഴ്ച്ച ആയി ചന്ദ്രേട്ടന്‍ കൃഷ്ണന്‍കോട്ട മാര്‍ക്കറ്റില്‍ പോയി നല്ല കരിമീനും ,ഞണ്ടും, തിരുതയും ഒക്കെ വാങ്ങി .ചോദിച്ചവരോടു പറഞ്ഞു "മ്മ്ടെ ശിബൂന്റെ ചങ്ങാതി ഗള്‍ഫീന് വരുകല്ലേ അതും വയനാട്ടീന്നു മോശമാക്കാന്‍ പാടില്ലല്ലോ"..
നേരം ഒരുമണി ആയി ആരും വന്നില്ല, ഒന്നര ആരും വന്നില്ല അങ്ങിനെ രണ്ടായി ചന്ദ്രേട്ടന്‍ പറമ്പില്‍ തെങ്ങിന് വെള്ളം തിരിക്കാന്‍ പോയി. രണ്ടര ആയപ്പോള്‍ ഉമ്മറത്ത്‌ നിന്നും ഒരു വിളി . അമ്മേ..... കമലു ചേച്ചി വന്നു നോക്കുമ്പോള്‍ കറുത്ത് പൊക്കം ഉള്ള ഒരുത്തന്‍ ഷര്‍ട്ട്‌ ഇന്‍ ചെയ്തു, ടൈ കെട്ടി കാലില്‍ ഒരു വള്ളി ചെരുപ്പും ഒരു വലിയ കറുത്ത ബാഗും ഒരു "മാങ്കുര്‍ണ്ണി"ലുക്ക്‌..,. ദേ ഷിബൂന്റെ ചങ്ങാതി വന്നൂട്ട്ടാ..അതുകെട്ടതും മാങ്കുര്‍ണ്ണി അമ്മാ ഞാന്‍ ദുബായ്‌ മാര്‍ക്കറ്റിംഗ്....പറഞ്ഞത് മുഴുവന്‍ ആകുന്നതിനു സമ്മതിച്ചില്ല കമലു ചേച്ചി. ഹൈ ടെന്തൂട്ടാണ് ഈ ക്ടാവ് പറയണത്.ഞങ്ങക്ക് മനസ്സിലായി , ഇത്രേം ദൂരത്തീന്ന് വരല്ലേ വാ അകത്തോട്ടു കേറു...ഇനി ചോറു തിന്നിട്ടു ബാക്കി പറയാം...എങ്ങിനെ സമ്മതിക്കും ഒറ്റ മോന്റെ പോന്നു ചങ്ങായി അല്ലെ.. മാങ്കുര്‍ണ്ണി അതുകേട്ടപാതി കേള്‍ക്കാത്ത പാതി വീട്ടിലേക്കു കയറി ചോറിനു ഞണ്ട് കറി, കരിമീന്‍ വറുത്തത്,തിരുത കറി ഒക്കെ കൂട്ടി ഒരു യുദ്ധം കഴിഞ്ഞ പോലെ ആയി മേശപ്പുറത്ത് .....ചോറൂണ് കഴിഞ്ഞു ചന്ദ്രേട്ടനും ചേച്ചീം ഉമ്മറത്ത്‌ മാങ്കുര്‍ണ്ണിയെം കൊണ്ട് ഇരുന്നു . മാങ്കുര്‍ണ്ണി തന്‍റെ കറുത്ത ബാഗ് തുറന്ന്‌ ഓരോന്നായി പുറത്തെടുത്തു ഇതു വയര്‍ കുറയാനുള്ള സ്ലിം ബെല്‍റ്റ്‌ അമ്മച്ചിക്കാ..ഇതു പ്രഷര്‍ കുറയാനും രക്തയോട്ടം ശരിയാക്കാനും ഉള്ള ചെരുപ്പാണ് അച്ഛന്, പിന്നെ ഇതെല്ലാം എടുക്കുമ്പോള്‍ ഈ അഞ്ചു പാത്രങ്ങള്‍ പകുതി റേറ്റില്‍ കിട്ടും ....ഇതുകേട്ട് കമലു ചേച്ചിയും ചന്ദ്രേട്ടനും ഒറ്റ ഞെട്ടല്‍ ആയിരുന്നു..ഹൈ മ്മ്ടെ മോന് തലയ്ക്കു നല്ല സുഖമില്ലേ എന്ന് ഒരേ പോലെ ഒരേ സമയം ചിന്തിക്കുകയും ചെയ്തു.എന്നാലും മോന്‍റെ കൂട്ട്കാരനല്ലേ വെറുപ്പിക്കാന്‍ പാടില്ല
ല്ലോ.. മാങ്കുര്‍ണ്ണി പറഞ്ഞു ഇതിനെല്ലാം അയ്യായിരം രൂപ യാണ് ഞങ്ങളുടെ കമ്പനി ഓഫറില്‍ വെറും മൂവായിരത്തിഅഞ്ഞൂറ് രൂപയ്ക്കു അച്ഛനും അമ്മയ്ക്കും നല്‍കും ഒപ്പം ആയിരം രൂപയുടെ പാത്രങ്ങള്‍ പകുതി വിലക്കും....ഷിബൂ കൊടുത്തു വിട്ടതല്ലേ എന്ന് കരുതി വളം വാങ്ങാന്‍ വച്ച നാലായിരം രൂപ എടുത്തു ചെറുക്കന് കൊടുക്കടീ എന്ന് ചന്ദ്രേട്ടന്‍.. സ്വകാര്യം പറഞ്ഞു. ഒപ്പം അഞ്ഞൂറ് രൂപ മാങ്കുര്‍ണ്ണിക്ക് വഴിചിലവിനു കമലു ചേച്ചീടെ വക....പിറ്റേ ആഴ്ച ഷിബു ഫോണ്‍ ചെയ്തതും കമലുചേച്ചി ഒറ്റ ചീറ്റല്‍ ആയിരുന്നു..""ഹെന്നാലും എന്‍റെ ഷിബോ ഈ പ്രായത്തില്‍ നിന്‍റെ അമ്മേടെ വയറും അച്ഛന്‍റെ പ്രഷറും കുറയാഞ്ഞിട്ടു നിനക്ക് നാണക്കേടാണ് അല്ലെടാ, നിന്‍റെ തന്ത ആ ചെരുപ്പ്‌ ഇട്ടിട്ടു ഉള്ള പ്രഷറുകുറഞ്ഞു ....നീ ഗുണം പിടിക്കൂലടാ..കുരുത്തം കെട്ടോനെ.."".

No comments:

Post a Comment