- ഉണങ്ങിയ മരച്ചില്ലകളിൽ തട്ടി വന്ന കാറ്റ് ചുറ്റുപാടും മാലിന്യ ഗന്ധം പരത്തി. മാലിന്യ പ്രശ്നത്തിനെതിരെ ഉയർന്നുവന്ന സമര പന്തലിൽ നിന്നും പൊന്തി ഉയർന്ന പ്ലാസ്റ്റിക് കിറ്റ് “ ശുചിത്ത നഗരം സുന്ദര നഗരം” എന്നെഴുതിയ ബോർഡിൽ തട്ടി താഴെ കിടന്നുറങ്ങിയ എന്റെ തലയിൽ ആണ് വളരെ കൃത്യമായി വന്നു വീണത്. ഈ മാലിന്യ മൈതാനത്തിൽആണ് ഞാൻ ജനിച്ചു വീണത്. ഇപ്പോൾ എന്നെ നഗരത്തിലെ ആരും അറിയാത്ത ഒരു പ്രസിദ്ധൻ ആക്കിയതും ഈ നഗരം തന്നെയാണ്. രാത്രിയും പകലും മാലിന്യവും പേറി വരുന്ന ലോറികളുടെ എണ്ണം എന്‍റെ പ്രായത്തിനനുസരിച് കൂടിവരുന്നതിലൂടെ നഗരത്തിന്റെ വളർച്ച എനിക്ക് അറിയുവാൻ കഴിയുന്നുണ്ട്. മുന്‍പ് എപ്പോഴോ മാലിന്യ സംസ്കരണത്തിനായി കെട്ടി ഉയർത്തിയ ഒരു കെട്ടിടം പാതിവഴിയിൽഅവിടെ ഉണ്ടായിരുന്നു.അത് ഉപയോഗയോഗ്യമാക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചവര്ക്ക് നന്ദി. എനിക്കും എന്റെ സഹാഗാമികൾക്കും വിഹരിക്കുവാൻ ഒരിടമായിരുന്നു അത് . ഞങ്ങളെ കൂടാതെ രാത്രിയുടെ ശലഭങ്ങൾക്കും ശലഭചൂട് തേടി വരുന്നവർക്കും,നഗരത്തിലെചൂതാട്ടക്കാർക്കുംകഞ്ചാവ് വില്പ്പനക്കാർക്കുംവാങ്ങിഉപയോഗിച്ച് സ്വര്ഗത്തിലെത്തിപെടുന്നവർക്കും ആ കെട്ടിടം ഒരു അനുഗ്രഹമായിരുന്നു. ആ കെട്ടിടതിന്റെ വാതിലിൽ സ്വർഗകവാടം എന്നെഴുതിവച്ചത് ആരാണാവോ.ആ വലിയ മൈതാനം നഗരഭരണകർത്താക്കൾ പകുതിയാക്കി ഒരു പകുതിയിൽ പൊതു ശ്മശാനം നിർമ്മിച്ചിട്ടുണ്ട്. ചിലര്‍ വിലാപയാത്രയായി ശവവും പേറി വരുന്നത് കാണാം മറ്റു ചിലർ വലിയ താളമേളങ്ങളോടെ ശരീരത്തെ സുന്ദരമാക്കി പുതു വസ്ത്രങ്ങൾ എല്ലാം അണിയിച്ചു ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരത്തിനരികെ അടക്കം ചെയ്യുന്നതും കാണാം.നഗരം വളരുന്നതനുസരിച്ച് അടിയുന്ന ചേറുകളെല്ലാം മൈതാനത്തിന്റെ ഒരു വശത്ത് ചേരിയായി ചേക്കേറുന്നുണ്ടായിരുന്നു. ചേരിയിലെ കിണർ ശ്മാശാനത്തോട് ചേർന്നായിരുന്നതുകൊണ്ട് കത്തിയാളുന്ന പകലിൽ ചേരിയിലെ കിണർ വെള്ളത്തിൽ പല നിറങ്ങൾ ഉള്ള ഒരു കൊഴുത്ത പാട പ്രത്യക്ഷപെടും. വെളുത്ത് കൊഴുത്ത ദ്രാവകം മൂക്കിലൂടെ ഒലിപ്പിച്ച് നടക്കുന്ന ചേരിയിലെ കുട്ടികൾക്ക് ഞങ്ങളെ കല്ലെറിയുന്നത് ഒരു രസമായിരുന്നു.ചേരിയോടുചേർന്നുള്ള ആ വലിയ ചതുപ്പില്‍ വളർന്നു പൊന്തിയ ആ മാനം മുട്ടുന്ന വലിയ കെട്ടിടം നഗരത്തിലെ മനുഷ്യർക്ക് ചികിൽസിക്കാൻ ഉള്ളതായിരുന്നെന്നു എനിക്കറിയാം. ആ വലിയ കെട്ടിടത്തിൽനിന്നും വന്നിരുന്ന ഒരു കോണ്ക്രീറ്റ് തോട് അവസാനിച്ചിരുന്നത് മൈതാനത്തിലെ ചതുപ്പ് നിലത്ത് തന്നെ മിക്കപ്പോഴും ചോരയും വെള്ളവും കൂടികലർന്നുകൊണ്ട് ചുവന്ന നിറമുള്ള വെള്ളം ഒഴുകി വന്നു ചതുപ്പില്‍ തളം കെട്ടി കിടക്കും. നീലനിറമുള്ള ഈച്ചകളും കൊതുകുകളും അവിടം അവരുടെതായ ഒരു സാമ്രാജ്യം തീർത്തിരുന്നു. ചേരിയിലെ മനുഷ്യർ പലപ്പോഴും മതിയായ ചികില്‍സ കിട്ടാതെ മരിക്കുമ്പോഴും ചേരിയെ നോക്കി പുച്ഛത്തിൽ ആ മാനം മുട്ടുന്ന കെട്ടിടം നി ൽക്കുന്നതായി എനിക്ക് പലപ്പോഴും തോന്നാറുണ്ട്.വെയിലിന്റെ കാഠിന്യം കൂടികൂടിവന്നു ആലസ്യം മാറാത്ത കണ്ണുകള്‍ തുറന്നു ഞാൻപതിയെ എഴുന്നേറ്റുനിന്നു. ഇനി പതിവ് നഗര പ്രദക്ഷിണം മൈതാനത്തിൽ നിന്നും ഞാൻ പുറത്തെ റോഡിലെത്തി പതിവുപോലെ ഒരിക്കലും വെള്ളം വരാത്ത പൊതു പൈപ്പിനു ചുവട്ടിൽ നന്നായൊന്നു മുള്ളി ഇതെന്റെ ഒരു പതിവാണ് കാരണം എന്റെ അച്ഛന് ഇവിടെ വച്ചാണ് പ്രസിദ്ധനായത്. ഒരു മഴക്കാലത്ത് സ്കൂള്‍ കുട്ടികളെ കയറ്റി വന്നിരുന്ന ബസ്സ് വകവെയ്ക്കാതെ റോഡ് മുറിച്ചു കടന്നതായിരുന്നു അച്ഛനെ കൊല്ലാതിരിക്കാൻ ബസ് ഡ്രൈവർ വലത്തോട്ട് വെട്ടിച്ചു പാഞ്ഞു വന്ന ടിപ്പർ ലോറി നേരെ ബസ്സിലേക്ക് മൂന്ന് കുട്ടികൾ ആണ് അന്ന് മരിച്ചത് ഒപ്പം അച്ഛനും കുട്ടികളുടെ മരണതോടൊപ്പം അച്ഛനും പ്രശസ്തനായി.നഗരം ചുറ്റുമ്പോൾ കടന്നുപോകുന്ന ഓരോ വലിയ വീടിനുള്ളിൽ നിന്നും ആഡ്യൻ മാരായ എന്റെ വംശജർ ശക്തിയായി കുരച്ചു എന്നോടുള്ള പ്രതിക്ഷേധം അറിയിച്ചു. ഞാൻ ആസ്വദിക്കുന്ന സ്വാതന്ത്രം അവർക്ക് നിഷേധിക്കപെടുമ്പോൾ ഉള്ള പ്രതിക്ഷേധമാകാം അത്. നഗരത്തിലെ ഇറച്ചി മാര്ക്കറ്റിൽ എനിക്കൊരു ശത്രു ഉണ്ടായിരുന്നു ഒരു കറുത്ത നായ എന്നെക്കാൾ ശക്തൻ ആയിരുന്ന അവനെ എനിക്ക് ഭയമായിരുന്നു ഒന്നുരണ്ടു വട്ടം ഞാൻ അവനുമായി കോർത്തിട്ടുണ്ട് ഒരു ദിവസ്സം ഞാൻ അവനെ തറ പറ്റിക്കും. വൈകുന്നേരം വീണ്ടും മൈതാനത്തേക്ക് മടങ്ങുമ്പോൾ നഗരം തിടുക്കത്തിൽ എങ്ങോട്ടോ ഒഴുകുകയായിരുന്നു.മാനത്തു മഴക്കാറുകൾ വന്നു ചേർന്നു ഇടിമുഴക്കങ്ങളും മിന്നലുകളും മഴചാറി തുടങ്ങി. ഞാൻ തിരക്കിട്ട് സ്വർഗ്ഗ വാതിലിലേക്ക് ഓടിക്കയറി. കനത്ത മഴയിൽ മാലിന്യമൈതാനത്തിലെ ചതുപ്പിലേക്ക് നഗര മാലിന്യങ്ങൾഒഴുകിയെത്തി. മഴക്കാലത്ത് നഗരത്തിലെ എല്ലാ മാലിന്യങ്ങളും അവസാനം എത്തി ചേരുന്നത് ഈ മൈതാനത്താണ്. മൈതാനതിനപ്പുറത്തെ ശ്മശാനത്തിൽ കൂടുതൽ പേരെ അടക്കം ചെയ്തു. ആശുപത്രിയിലെ കോണ്ക്രീറ്റ് കാനയിലൂടെ കൂടുതൽ ചോര കലർന്ന വെള്ളം ഒഴുകി വരുവാൻ തുടങ്ങി ഒപ്പം മാംസവും.ചേരിയിലെ ഭ്രാന്തിയായ ഒരു വൃദ്ധയെ കൂട്ടമായി ആക്രമിച്ചത് ഒരു വലിയ സംഭവമായി. നായ്ക്കളിൽ നിന്നും രക്ഷപെടുവാൻ ഒടുവിൽ അവർ ചേരിയിലെ കിണറിലേക്ക് എടുത്തു ചാടി ഈ ലോകത്തിൽ നിന്നുതന്നെ രക്ഷപെട്ടു.മൈതാനത്തിന്റെ മതിലിൽ വലിയ പോസ്ററുകൾ പ്രത്യക്ഷപെട്ടു നഗരത്തിലെ നായ് ശല്യത്തെകുറിച്ച് പത്രങ്ങൾ എഴുതിയ അടുത്ത ആഴ്ച്ചമുതൽ നഗരസഭ നായ് പിടുത്തക്കാരെ നിയമിച്ചു അവരുടെ വേട്ടയാടലിൽ നിന്നും രക്ഷപെടാൻ ഞാൻ ബസ്സ്സ്റാന്ഡിനോട് ചേർന്ന് പൊന്തിവരുന്ന കെട്ടിടത്തിന്റെ ഏഴാം നിലയിലേക്ക് കുടിയേറി. മനുഷ്യനെ പോലെ ജീവിക്കാനുള്ള അവകാശം ഞങ്ങൾക്കുമില്ലേ എന്നിട്ടുമെന്തേ അവർ ഞങ്ങളെ വേട്ടയാടുന്നു. അവൻ ചവിട്ടുന്ന ഓരോ മണൽത്തരികളും അവൻ ശ്വസിക്കുന്ന വായുവും എല്ലാം അവനെ പോലെ ഞങ്ങൾക്കും അവകാശപെട്ടതല്ലേ.മഴക്കാലം കഴിയാറായി നായ്പിടുത്തക്കാർ കുറെ പേരെ പിടികൂടി കൊന്നു ആ മൈതാനത് തന്നെ കുഴിച്ചുമൂടി. നഗരത്തിൽ ആഘോഷങ്ങളുടെ വരവായി. ദിനം തോറുമുള്ള ഓരോ മേളകളും ഉത്സവങ്ങളും നഗരത്തെ പുതിയനിറം ചാർത്തി. ഇതുപോലുള്ള ഒരു ഉത്സവകാലത്താണ് എന്റെ അമ്മ പ്രശസ്ത ആയത് നഗരത്തിലെ തിരക്കിൽ ഉലാത്തി കൊണ്ടിരുന്ന അമ്മയെ ഒരു കൂട്ടം ആളുകൾ കുരുക്കിട്ട് പിടിച്ചു വലിച്ചു കൊണ്ട് പോയത് ഒരു വൈകുന്നേരമായിരുന്നു. പിന്നീട് അമ്മയെ കാണുന്നത് പിറ്റേദിവസം നഗര സഭ നടത്തിയ കേരളോത്സവം പരിപാടിയില്‍ “ഒരു തെരുവ് കുടുംബ ചിത്രം” എന്ന നിശ്ചല ദൃശ്യത്തിനോടൊപ്പം ആയിരുന്നു നിശ്ചലമായി തുറന്നുനിന്ന അമ്മയുടെ കണ്ണുകളില്‍ ജീവന്റെതിളക്കം നഷ്ടമായിരുന്നു. പിറ്റേന്ന് രാവിലെ വന്ന ദിനപത്രങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ ആ നിശ്ചലദൃശ്യത്തിന്റെ ചിത്രവും കളറില്‍ അച്ചടിച്ചുവന്നു ഒപ്പം മാലിന്യ മൈതാനത്തിലെ ചതുപ്പില്‍ അമ്മയുടെ ജഡവും. തുടര്ന്ന് വരുന്ന ഓരോ ദിവസ്സവും അമ്മ പ്രശസ്ത ആയി, തെരുവുനായയെ കൊന്ന് പ്രദര്‍ശിപ്പിച്ചതില്‍ മൃഗസ്നേഹികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു ഡല്ഹിയിലുള്ള ഒരു മേനകാഗാന്ധി എന്ന സ്ത്രീ നഗരസഭക്ക് എതിരെ കേസ്സ് വരെ കൊടുത്തു അങ്ങിനെ ദിനം തോറും പ്രശസ്തയായ അമ്മയെ ഒരാഴ്ചക്ക് ശേഷം ഞാൻ കാണുവാൻ ആ ചതുപ്പിൽ ചെന്നു അമ്മയുടെ ശരീരം പ്രശസ്തി പോലെ ചീർത്ത് വലുതായി പുഴുവരിക്കുന്നുണ്ടായിരുന്നു പ്രശസ്തിയുടെ വലുപ്പം പോലെ അഴുകിയ ഒരു ഗന്ധം അമ്മക്ക് ചുറ്റും പരന്നു. കാലം ഒരു പെരുംപാമ്പിനെ പോലെ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങി മൈതാനത്തില്‍ മുൻപ് ഇറക്കിവച്ചിരുന്ന വലിയ പൈപ്പുകളിൽ ഒരു നാടോടികുടുംബം കൂടുകൂട്ടി. ജീവിതത്തിൽ എപ്പോഴും ആഹ്ലാദം എന്ന രീതിയിൽ രാപകൽ വ്യത്യാസം ഇല്ലാതെ എന്തൊക്കെയോ തീയിൽ ചുട്ടെടുക്കുന്നതും തിന്നുന്നതും ആണ്‍ പെണ്‍ ഭേദമില്ലാതെ കുടിച്ചു കൂത്താടുന്നതും അതിരുകൾ ഇല്ലാതെ ജീവിക്കുന്നതും നഗരത്തിലെ തിരക്കുള്ള ജീവിതം കണ്ടു മടുത്ത എനിക്ക് ഒരു പുതിയ കാഴ്ച ആയിരുന്നു. രാത്രി ഇരുണ്ടു പതിവില്ലാത്ത ഒരു ചാറ്റൽ മഴയും ഇടിമുഴക്കവും അന്നുണ്ടായിരുന്നു നഗരം ഒരു ആലസ്യത്തിൽ സുഖ സുഷുപ്തിയിൽ ആണ്ടു .റെയിൽവേ സ്റേഷനിൽ അവസാനത്തെ തീവണ്ടിയും വന്നുപോയി. വിലകുറഞ്ഞ മദ്യത്തിന്റെ ലഹരിയിൽ രാത്രി ഒരാഘോഷമാക്കി നാടോടിക്കൂട്ടവും ചാറ്റൽ മഴയുടെ നനുനനുത്ത തണുപ്പിൽ ഉറക്കം പൂണ്ടു. രാത്രിയുടെ കരിമ്പടപുതപ്പിന് കട്ടിയേറി.ആ സമയത്ത് മദ്യത്തിനെ ലഹരി കൊടുത്ത ഊന്നുവടിയും പേറി നാടോടിക്കൂട്ടതിലേക്ക് ഒരാൾ നടന്നു കയറി ആക്കൂട്ടത്തിൽ ആർത്തിയോടെ എന്തോ തിരഞ്ഞു ഒടുവിൽ ഒരു ആറുവയസ്സുകാരി കുഞ്ഞിനെ വാപൊത്തി ഉയർത്തിയെടുത്തു മൈതാനത്തിന്റെ പുറത്തുനിറുത്തിയിട്ടിരുന്ന ലോറിയുടെ അരികിലേക്ക് കൊണ്ടുപോയി. അയാളുടെ കൈകളിൽ കിടന്നു ആ കുഞ്ഞുപിടയുന്നുണ്ടായിരുന്നു എന്നാലും വെരി പൂണ്ടമൃഗം തന്റെ ഇരയെ പിടിക്കുന്നതുപോലെ അയാള് ആ കുഞ്ഞിനെ തൂക്കിയെടുത്തത് . മലയാള സിനിമയിലെ ക്ഷുഭിതനായകൻ ചൂണ്ടുവിരൽ ഉയർത്തി കണ്ണ് തുറിച്ചുനോക്കിനില്ക്കുന്ന പോസ്റ്ററിനു മുന്നിലിട്ട് ആ ഇരുകാലി മൃഗം കുഞ്ഞിനെ കടിച്ചു കീറാൻ തുടങ്ങി. തന്റെ ലാവണത്തില്‍ മറ്റൊരു നായ് ഇരതേടുമ്പോൾ ഉണ്ടാകുന്ന ഒരു അമർഷം എന്റെ ഉളില്‍ നുരഞ്ഞു പൊന്തി വന്യമായ ഒരു മുരള്ച്ചയോട് കൂടി ഞാൻ കുതിച്ചുചാടി ആ മൃഗത്തിന്റെ അരികിൽ എത്തി. എന്‍റെ കുതിച്ചുള്ള വരവ് കണ്ടിട്ട് കയ്യില്‍ ഒരു വലിയ കല്ലുമായി എന്നെ നേരിടാന്‍ എഴുന്നേറ്റു അയാള്‍ ചതച്ചരച്ച ഒരു പിഞ്ചുമനുഷ്യകഷണം അവിടെ ജീവന്‍റെ നേര്‍ത്ത തുടിപ്പുമായി വിറച്ചുകൊണ്ട് പാതയോരത്ത് കിടപ്പുണ്ടായിരുന്നു. നഗരത്തിലെ ഇറച്ചിമാര്‍ക്കറ്റിലൂടെ ഞാന്‍ നടക്കുകയാണ് മുന്നില്‍ ആ കറുത്തനായ വായുവില്‍ച്ചുരമാന്തി എന്‍റെ അടുത്തേക്ക് പാഞ്ഞു വരുന്നു എപ്പോഴോ അവനുമേലെ എനിക്ക് ജയിക്കണം എന്ന ആഗ്രഹം ഉള്ളില്‍ ഉണര്‍ന്നു ഉള്ളിലെ കത്തിയ ക്രൌര്യം കാലുകളില്‍ അവനു നേരെയുള്ള ശൌര്യം ബലമായി നിറച്ചു. അവന്‍റെ മനസ്സിലെ ചുവടുകള്‍ക്ക് മുന്‍പേ ഞാന്‍ ഉയര്‍ന്നു ചാടിയിരുന്നു. ആ ഇരുകാലി മൃഗത്തിന്റെ ഉയര്‍ന്നു നിന്ന പൌരുഷമായിരുന്നു ആദ്യം വായില്‍ കിട്ടിയത് വലിയ അലര്‍ച്ചയോടെ ആ മൃഗം കുനിഞ്ഞു താഴെ ഇരുന്നു വായില്‍ കിട്ടിയ മാംസകഷണവുംപേറി ഞാന്‍ ഇരുളിന്‍റെ മറവിലേക്ക് ശബ്ദം കേട്ട് സ്വര്‍ഗവാതിലിനുള്ളിലെ ചേക്കേറിയിരുന്ന ഇണശലഭങ്ങളും കൂട്ടുകാരും ഉണര്‍ന്നു ഒപ്പം നാടോടികൂട്ടവും ആര്‍ത്തലച്ചുകൊണ്ട് ഒരു അമ്മയും.നേരം പുലര്‍ന്നപ്പോഴേക്കും ഞാന്‍ പ്രസിദ്ധനായി തീര്‍ന്നിരുന്നു “പിഞ്ചുകുഞ്ഞിനെ ആക്രമിച്ച നരാധമനെ തെരുവുനായകടിച്ചുകീറി” എന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നു. മാലിന്യമൈതാനത്തെ എന്നും പുച്ഛത്തോടെ നോക്കിനിന്നിരുന്ന ആ ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തില്‍ ജീവനും മരണത്തിനും ഇടയിലുള്ള ചെറിയ കിളിവാതിലില്‍ അവള്‍ ഉണ്ടായിരുന്നു ജീവിതത്തിലേക്കുള്ള തിരിച്ചുവരവും കാത്ത്. അവള്‍ക്കുവേണ്ടി മനുഷ്യസ്നേഹികള്‍ തെരുവുകളില്‍ മെഴുകുതിരികള്‍ കത്തിച്ചു.ഫേസ്ബുക്കില്‍ പ്രാര്‍ത്ഥനകള്‍ പോസ്റ്റുകളായും, ലൈക്കുകള്‍ ആയും കമെന്റുകള്‍ ആയും കുമിഞ്ഞിറങ്ങി. ആ സംഭവത്തില്‍ തെരുവുനായയുടെ ധാര്‍മികതയെ കുറിച്ച് കവിതകളിറങ്ങി, ദൃശ്യമാധ്യമങ്ങള്‍ തെരുവുകുഞ്ഞുങ്ങളുടെ സംരക്ഷണത്തെചൊല്ലി വാര്‍ത്താവാര ആഘോഷങ്ങളും അവലോകനങ്ങളും നടത്തി. അവളുടെ അമ്മക്ക് സര്‍ക്കാര്‍ വില്ലേജോഫീസില്‍ ജോലി വാഗ്ദാനം നടത്തി ഒരാഴ്ച തീര്‍ന്നുപോയി.ഞാന്‍ ഇപ്പോഴും സന്തോഷവാനാണ് ലോകം ഈ മാലിന്യമൈതാന ത്തോളം ചെറുതാണ് ഈ ലോകം തന്നെ ഒരു മാലിന്യ മൈതാനമാണ് മൈതാനതിനപ്പുറത്തെ തെരുവില്‍ ഒരു സമ്മേളനം നടക്കുകയാണ് “ ഇനിയീ കുഞ്ഞിന്‍ രക്ഷയെങ്ങിനെ...” എന്ന ഒരു കവിതാ ശകലം കാറ്റില്‍ പറന്നു വന്നു മൈതാനത്തിലെ ശ്മശാനത്തിലേക്ക് ഒരു ആംബുലന്‍സ് ഒഴുകിയെത്തി ആളുകള്‍കൂടി അതില്‍നിന്നും ഒരു പുറത്തെടുത്ത ജഡം അവളുടെതായിരുന്നു ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ കിളിവാതിലില്‍ നിന്നും അവള്‍ മരണത്തിലേക്ക് പറന്നുപോയിരുന്നു..........
.....ശുഭം....
No comments:
Post a Comment